ഏറ്റവും നല്ല മതം ഏത്?

ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായി ഞാന്‍ ഏറ്റവും കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. എന്‍റെ മതത്തെക്കുറിച്ച് പോലും വ്യക്തമായ ഒരു ധാരണയില്ലാത്ത ഞാന്‍ ഇത്തരം ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം അന്യമതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു എന്ന കാരണം പറഞ്ഞ് ഒരു യുവാവിനെ വെട്ടി വീഴ്ത്തി തീയിട്ട് കൊല്ലുന്ന ഒരു മതഭ്രാന്തന്‍റെ വീഡിയോ കാണാനിടയായി. ആ വീഡിയോയും അതിനെ അനുകൂലിച്ച ചില ആളുകളുടെ പ്രതികരണങ്ങളും എന്നിലുണ്ടാക്കിയ അസ്വസ്ഥതയാണ് ഏതാണ് ഏറ്റവും നല്ല മതം എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഈ ലോകത്തുള്ള എല്ലാ മതങ്ങളെയും ഒരു പച്ചക്കറിക്കടയിലിരിക്കുന്ന പച്ചക്കറികളോട് ഉപമിക്കാം. പച്ചക്കറികള്‍ കഴിക്കുന്നത്‌ ശരീരത്തിന് ഗുണമുള്ളതാണെന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഏറ്റവും ഗുണമുള്ള പച്ചക്കറി ഏതാണെന്ന് ചോദിച്ചാല്‍ ചിലര്‍ പാവക്ക എന്നും ചിലര്‍ കോവക്ക എന്നും ചിലര്‍ വെണ്ടയ്ക്ക എന്നും പറയും. പക്ഷെ ഈ പച്ചക്കറികള്‍ കഴിക്കുന്ന ആരുംതന്നെ ആ പച്ചക്കറികളില്‍ വിഷം തളിച്ചിട്ടുണ്ടോ? എവിടെ എങ്ങനെയാണ് ആ പച്ചക്കറികള്‍ വളര്‍ന്നത്‌ എന്നൊന്നും ശ്രദ്ധിക്കാറില്ല.

മാതാപിതാക്കള്‍, അവര്‍ നല്ലതെന്ന് കരുതുന്ന പച്ചക്കറി അവരുടെ മക്കള്‍ക്ക്‌ നല്‍കുന്നു. മാതാപിതാക്കളെ വിശ്വാസമുള്ള മക്കള്‍ ഏറ്റവും ഗുണമുള്ള പച്ചക്കറിയാണ് തങ്ങള്‍ കഴിക്കുന്നത്‌ എന്ന വിശ്വാസത്തോടെ ജീവിക്കുന്നു. എല്ലാ പച്ചക്കറികളും നല്ലതാണ്. പക്ഷെ വിഷംതളിച്ച് വളര്‍ത്തുന്ന പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്നത്‌ ആരോഗ്യത്തിനു ഹാനീകരമാണ്. അതുകൊണ്ടുതന്നെ വളരെ ഗുണമുണ്ട് എന്ന് കരുതി കഴിക്കുന്ന പച്ചക്കറികളില്‍ വിഷം തളിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ഞാന്‍ കരുതുന്നു.

ലോകത്തുള്ള എല്ലാ മതങ്ങളും വാഗ്ദാനം ചെയ്യുന്ന പരമപ്രധാനമായ ഒരു ഗുണം സമാധാനമാണ്. മത വിശ്വാസിയായ ഏതെങ്കിലുമൊരു വ്യക്തിയുടെ പ്രവര്‍ത്തി ആരുടെയെങ്കിലും സമാധാനം നഷ്ട്ടപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ സ്വീകരിച്ച മതത്തില്‍ വിഷം കലര്‍ന്നിട്ടുണ്ട് എന്ന് മനസിലാക്കാം. മതം വളര്‍ത്തുന്നതിനായി അതില്‍ വിദ്വെഷം കലര്‍ത്തുന്നവരെ തിരിച്ചറിയാനും അവരെ ഒറ്റപ്പെടുത്താനും നമുക്ക് സാധിച്ചില്ലെങ്കില്‍, അത് ലോകസമാധാനത്തിനുതന്നെ ഭീഷണിയായിമാറും. വിഷം തളിച്ച പച്ചക്കറിയോടെന്നപോലെ, വിദ്വെഷം വളർത്തുന്ന മതപ്രബോധനങ്ങളോട് ജാഗ്രത പുലര്‍ത്തുക.

Social Share Buttons