നിങ്ങള്‍ക്കും സന്തോഷിക്കാം. വലിയ വില കൊടുക്കാതെ തന്നെ…

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. പക്ഷെ വലിയ വിലകൊടുക്കെണ്ടിവന്നാലോ. വലിയ വിലകൊടുക്കാതെതന്നെ എല്ലാ ദിവസവും സന്തോഷത്തോടെ ഇരിക്കാന്‍ എന്തു ചെയ്യണം.

എല്ലാ ദിവസവും സന്തോഷത്തോടെ ചിലവഴിക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന്, സോഷ്യല്‍ മീഡിയയിലൂടെ മാത്രം എന്നെ അറിയുന്ന പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഗൂഗിളിലും യുട്യുബിലും കാണുന്ന എന്നെ നോക്കി എല്ലാ ദിവസം ഞാന്‍ വളരെ സന്തോഷത്തോടെയാണ് ചിലവഴികുന്നത് എന്ന ധാരണ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു മിഥ്യാധാരണ മാത്രമാണ്. മാധ്യമ വിദ്യാര്‍ത്ഥിയും അധ്യാപകനുമായ എനിക്ക് സോഷ്യല്‍ മീഡിയായില്‍ ഏതു വേഷവും സ്വീകരിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ യദാര്‍ഥ ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ഇരിക്കുക എന്നത് ശ്രമകരമാണെന്ന് മാത്രമല്ല, ദൈവാനുഗ്രഹത്തിനും അതില്‍ വലിയൊരു പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

തിരക്കേറിയ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ഉതകുന്ന ഒരു ദിനചര്യ നിര്‍ദേശിക്കാമോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അവരെ നിരാശപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ദിവസം ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ സന്തോഷം നിലനിര്‍ത്താന്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന അന്വേഷണത്തില്‍ ഞാന്‍ മനസിലാക്കിയ കുറച്ചു കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

 1. രാവിലെ കൃത്യം 6 മണിക്ക് എഴുന്നേല്‍ക്കുക. എന്നും രാവിലെ എഴുന്നേല്‍ക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുടുതല്‍ സമയം ലഭിക്കുന്നു. രാവിലെ 6 മണിക്ക് നിങ്ങളെ ശല്യപ്പെടുത്താന്‍ വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ആരും വരില്ല. ആ സമയം, വളരെ ആക്ടീവായ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിച്ച് ഭലപ്രദമായ രീതിയില്‍ നിങ്ങുടെ ദിവസത്തെ ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.
 2. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചശേഷം കൈകളും കാലുകളും അനങ്ങുന്ന രീതിയില്‍ 10 മിനിട്ട്‌ വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ്‌ കൂടുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 3. ശരീരം തണുത്തതിനുശേഷം മാത്രം കുളിക്കുക. ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 4. ഓഫീസിലേക്ക് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തിരിക്കുന്ന ആളുമായി എന്തെങ്കിലുമൊക്കെ സംസാരിക്കുക. അപരിചിതരുടെ അടുത്ത് സമയം ചിലവഴിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന പിരിമുറുക്കം കുറക്കാന്‍ അത് സഹായകമാകും. നിങ്ങള്‍ കാറിലോ ബൈക്കിലോ യാത്ര ചെയ്യുന്നവരാണെങ്കില്‍ യാത്രക്കിടയില്‍ പാട്ടുകള്‍ പാടുക. മൂളിപ്പാട്ടായാലും കുഴപ്പമില്ല. പാട്ട് പാടുന്നത് നിങ്ങളുടെ സ്‌ട്രെസ് കുറക്കും. അങ്ങനെ ഉന്മേഷത്തോടെ ഓഫീസില്‍ എത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.
 5. നിങ്ങള്‍ ഒരുദിവസം ഏറ്റവും കുടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലമാണ് നിങ്ങളുടെ ഓഫീസ്. ഏതു ജോലിയും ചെയ്യാന്‍ തയ്യാറായി ഓഫീസില്‍ എത്തുക.  എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കുക.
 6. വെറുതെ ഇരിക്കേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുക. കാരണം വെറുതെ ഇരിക്കുമ്പോള്‍ ‘നിങ്ങള്‍ക്ക് സാലറി കുറവാണ്, നിങ്ങളെക്കാള്‍ കുറച്ചു ജോലി ചെയ്യുന്നവര്‍ കൂടുതല്‍ സാലറി വാങ്ങുന്നു, ഇങ്ങനെ പോയാല്‍ എന്‍റെ ഭാവി എന്താകും’  എന്നൊക്കെയുള്ള ചിന്തകള്‍ നിങ്ങളുടെ സന്തോഷവും സ്വസ്ഥതയും നശിപ്പിക്കും.
 7. ഓഫീസില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്‌ സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ഉഷ്മളമാക്കും. ആ ശീലം നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കും. ജോലി തിരക്കുകള്‍ക്കിടയിലും യഥാസമയം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.  
 8. തിരിച്ചു വീട്ടില്‍ എത്തിയാല്‍ കുളിച്ച് ഭക്ഷണം കഴിക്കുക. നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക. കഴിവതും വീടിനു പുറത്ത് സമയം ചിലവഴിക്കുക. എല്ലാ ദിവസവും പുതിയ എന്തെങ്കിലും കാര്യങ്ങള്‍ പഠിക്കുന്നത് നിങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കും.
 9. വൈകുന്നേരം ഓഫീസില്‍ നിന്ന് മടുത്തു വന്ന ശേഷം വ്യായാമം ചെയ്യുന്നതിലും നല്ലത് രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വ്യായാമം ചെയ്യുന്നതാണ്. 20 മിനിട്ട്‌ നടക്കുകയോ വ്യായാമം ചെയ്യുകയോ ആവാം. ഒന്നും ചെയ്യാതെ സമയം കളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
 10. വീട്ടുകാരോടൊപ്പം 20 മിനിറ്റ് എങ്കിലും ചിലവഴിക്കുക. പറ്റുമെങ്കില്‍ ഒരുമിച്ചു പ്രാര്‍ഥിക്കുക. 8 മണിക്ക് എളുപ്പം ദഹിക്കുന്ന എന്തെങ്കിലും ഭക്ഷണം കഴിക്കുക.
 11. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് കമ്പ്യൂട്ടറിന്റെയും മോബൈലിന്റെയും ഉപയോഗം അവസാനിപ്പിക്കുക. ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ളാസ് പാല്‍ കുടിക്കുന്നത് നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും.
 12. നിങ്ങളുടെ ശരീരത്തിന്റെയും മനസിന്റെയും പല പ്രശ്നങ്ങളും ഉറക്കത്തില്‍ പരിഹരിക്കപ്പെടുന്നു. അതുകൊണ്ട് 10 മണിക്ക് ഉറങ്ങാന്‍ കിടക്കുക. ഏതെങ്കിലും പ്രാര്‍ഥന തുടര്‍ച്ചയായി മനസില്‍ ചൊല്ലിക്കൊണ്ട്‌ കിടക്കുന്നതും. ഫാനിന്‍റെ ശബ്ദത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു കിടക്കുന്നതും പെട്ടന്ന് ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും.

ജീവിതം സന്തോഷത്തോടെയും ആരോഗ്യത്തോടെയും മുന്‍പോട്ട് നയിക്കാന്‍ മേല്‍പ്പറഞ്ഞ 12 കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും എന്ന് ഞാന്‍ കരുതുന്നു. നിരവധി പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒരുസമയം ഒരു പ്രശ്നം മാത്രം പരിഹരിക്കാന്‍ ശ്രമിക്കുക. ആരോഗ്യമുള്ള ശരീരവും മനസും ഓരോ പ്രശ്നവും പരിഹരിച്ച് മുന്‍പോട്ട് നീങ്ങാന്‍ നിങ്ങളെ സഹായിക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. 

Social Share Buttons