വിദ്വേഷം വളര്‍ത്തുന്ന രാഷ്ട്രീയം

എന്‍റെ മകന് ഒരു വയസാകുന്നു. ഇപ്പോള്‍ അവന്‍ വീട്ടിലൂടെ മുട്ടില്‍ നീന്തി നടക്കും. അവന് പോകാന്‍ സാധിക്കുന്ന എല്ലായിടത്തും നീന്തി പോകണം എന്നാണ് അവന്‍റെ ആഗ്രഹം. അവന്‍ ഞങ്ങളുടെ അടുത്തുനിന്നു മാറിയാല്‍, കുഞ്ഞാവയെ കടിക്കുന്ന ‘കടിച്ചി’ വരും എന്ന് പറഞ്ഞ് അവനെ ഞങ്ങള്‍ പേടിപ്പിക്കും. അവന് ഗിഫ്റ്റ് കിട്ടിയ ഒരു താറാവിനെയാണ് കടിച്ചി ആണെന്ന് പറഞ്ഞ് ഞങ്ങള്‍ കാണിക്കുന്നത്. ആ താറാവിനെ എവിടെയെങ്കിലും കണ്ടാല്‍ അവന്‍ സ്പീടില്‍ നീന്തി ഞങ്ങളുടെ അടുത്ത്തന്നെ വരും. അവന്‍ എപ്പോഴും ഞങ്ങളുടെ അടുത്തുള്ളതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ആ സന്തോഷത്തിന് കോട്ടംതട്ടാതിരിക്കുന്നതിനായി താറാവിനോടുള്ള അവന്‍റെ ഭയം കുറയാതെ നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കുട്ടികളായാലും മുതിര്‍ന്നവരായാലും ഒറ്റപ്പെടല്‍ മനുഷ്യരെ അസ്വസ്തരാക്കും. ഒറ്റക്കായി എന്ന തോന്നല്‍ സമാന ചിന്താഗതിയിലുള്ള ആളുകളെ തേടാന്‍ മനുഷ്യരെ പ്രേരിപ്പിക്കും. അങ്ങനെ ഒരുമിച്ചു കൂടുന്ന ആള്‍കൂട്ടത്തെ അവരില്‍ ഏറ്റവും ശക്തനായവന്‍ നയിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് കിട്ടുന്ന ആത്മവിശ്വാസത്തിനും സന്തോഷത്തിനും കാരണക്കാരനായ നേതാവിനെ അണികള്‍ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അണികളുടെ ശക്തി ഉപയോഗിച്ച് നേതാവ് തന്‍റെ സാമ്രാജ്യം വിപുലീകരിക്കുന്നു.

കുഞ്ഞാവക്ക്‌ ഗിഫ്റ്റ് കിട്ടിയ താറാവ് ആരെയും ഉപദ്രവിക്കില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷെ അവനെ എപ്പോഴും ഞങ്ങളുടെ കൂടെ നിര്‍ത്താന്‍ ഞാന്‍ സൃഷ്ട്ടിച്ചെടുത്ത ഞങ്ങളുടെ പൊതു ശത്രുവായിരുന്നു ആ താറാവ്. വീട്ടിലെ ആ പൊതുശത്രുവിന്‍റെ സാന്നിധ്യം  കുഞ്ഞാവയെ എപ്പോഴും ഞങ്ങളുടെ ഒപ്പം നിര്‍ത്തിയിരുന്നു.

ചില നേതാക്കള്‍ അണികളെ നിയന്ത്രിക്കാന്‍ ഇതേ മാര്‍ഗമാണ് ഉപയോഗിക്കുന്നത്. നിരുപദ്രവകാരിയായ താറാവിനെ ഞാന്‍ എന്‍റെ മകന്‍റെ ശത്രു ആക്കിയത് പോലെ, ആളുകളുടെ മതവും ജാതിയും കളറുമൊക്കെ നോക്കി  വെറുക്കാനും ഭയക്കാനും അണികളെ അവര്‍ പഠിപ്പിക്കുന്നു. ഇതിനായി രണ്ടു മാര്‍ഗമാണ് അവര്‍ ഉപയോഗിക്കുന്നത്.

  1. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാണ് എന്ന് പ്രചരിപ്പിക്കുന്നു.
  2. മറ്റുള്ളവര്‍ തങ്ങളെ മനപൂര്‍വം ദ്രോഹിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നു.

എന്‍റെ മകന്‍ എപ്പോഴും എന്‍റെ ഒപ്പം നില്‍ക്കണമെങ്കില്‍ എന്‍റെ വീട്ടില്‍ ഞാനും അവനും ഒരുപോലെ ഭയക്കുന്ന ഒരു ശത്രുവിനെ എനിക്ക് ആവശ്യമുണ്ട്. അതുപോലെതന്നെ നേതാവിന്‍റെ സങ്കല്‍പ്പ സൃഷ്ട്ടിയായ  ശത്രുവിനോടുള്ള വിദ്വേഷവും ഭയവും കുടുന്നതനുസരിച്ച് നേതാവിനോടുള്ള അണികളുടെ വിധേയത്വവും വര്‍ധിക്കുന്നു. നേതാവിന്‍റെ കുബുദ്ധിയില്‍ വീണുപോകുന്ന അണികള്‍ നേതാവ് ചൂണ്ടി കാണിക്കുന്ന ശത്രുക്കളെ തല്ലാനും വേണ്ടിവന്നാല്‍ കൊല്ലാനും തയാറാകുന്നു.

എന്‍റെ മകന്‍ വലുതാകുമ്പോള്‍, അവന് ബുദ്ധി ഉറക്കുമ്പോള്‍ ആ താറാവ് ആരെയും ഉപദ്രവിക്കില്ല എന്ന സത്യം അവന്‍ മനസിലാക്കുകയും, കള്ളം പറഞ്ഞ് അവനെ ഭയപ്പെടുത്തിയിരുന്ന എന്നെ അവന്‍ വെറുക്കുകയും ചെയ്യാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട്തന്നെ ഇനിയും അസത്യം പറഞ്ഞ് അവനെ ഭയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

വിദ്യാഭാസമില്ലായ്മയും തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ ഒരു രാജ്യത്ത് മാത്രമേ നേതാവിനെ പൂജിക്കുന്ന, നേതാവ് പറയുന്നതെന്തും വിശ്വസിക്കുന്ന നേതാവിനുവേണ്ടി തല്ലാനും കൊല്ലാനുമൊക്കെ നടക്കുന്ന അണികളുണ്ടാവുകയുള്ളു. രാജ്യസ്നേഹവും മതസ്നേഹവും വര്‍ഗസ്നേഹവുമൊക്കെ നല്ലതാണ്. പക്ഷെ നിരുപദ്രവകരം എന്ന് തോന്നിക്കുന്ന ഇത്തരം വികാരങ്ങളുപയോഗിച്ച്, തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരാണ് എന്ന് പ്രചരിപ്പിക്കാനും. മറ്റുള്ളവര്‍ എല്ലാവരും തങ്ങളെ ദ്രോഹിക്കുന്നു എന്ന് പ്രചരിപ്പിക്കാനും. അതുവഴി വിദ്വേഷവും ഭയവും വളര്‍ത്തി അണികളെ പരമാവധി ചൂഷണം ചെയ്ത് നേട്ടങ്ങള്‍ കൊയ്യാനും ശ്രമിക്കുന്ന നേതാക്കള്‍ മനുഷ്യകുലത്തിനുതന്നെ ഭീഷണിയാണ്. അത്തരം നേതാക്കളെയും അവര്‍ക്കുവേണ്ടി കൊല്ലാനും മരിക്കാനും തയാറാകുന്ന അണികളെയും ഒറ്റപ്പെടുത്തുക.  

Social Share Buttons